AAI

ലോകമെമ്പാടുമുള്ള സെക്യുലറിസ്റ്റുകളെയും, യുക്തി ബോധത്തില്‍ അധിഷ്ടിതമായ പ്രസ്ഥാനങ്ങളെയും ഒരു കുടക്കീഴില്‍ അണി നിരത്തി, സ്വതന്ത്ര ചിന്തകളുടെയും, എത്തിസത്തിന്‍റെയും പ്രാധാന്യത്തെ പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനു വേണ്ടി രൂപം കൊണ്ട സംഘടനയാണ് എത്തിസ്റ്റ്‌ അലയന്‍സ് ഇന്റര്‍നാഷണല്‍, അഥവാ AAI.

നിരീശ്വരവാദത്തിന്‍റെയും, യുക്തിചിന്തകളുടെയും പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുന്ന എത്തിസ്റ്റ്‌ അലയന്‍സ് ഇന്റര്‍നാഷണലിന്റെ പ്രധാന കര്‍മ്മപദ്ധതികള്‍ താഴെ പറയുന്നു

  • ലോകമെമ്പാടുമുള്ള യുക്തിചിന്തകരും, അനുബന്ധ പ്രസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നു;

  • പുതിയ എത്തിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെയും, യുക്തിവാദ സംഘടനകളുടെയും രൂപീകരണത്തിലും, പ്രവര്‍ത്തനത്തിലും മുഖ്യ പങ്കു വഹിക്കുന്നു; പ്രത്യേകിച്ച് വികസ്വര രാഷ്ട്രങ്ങളില്‍.

  • നിരീശ്വര വാദം, പ്രബുദ്ധ ചിന്ത, യുക്തി വാദം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ, എത്തിസ്റ്റുകള്‍ നേരിടുന്ന വിവേചനത്തിനെതിരായുള്ള പദ്ധതികളുടെ ആസൂത്രണം.

ലക്ഷ്യവും ധര്‍മ്മവും

കേവലമായ മതവിശ്വാസങ്ങളേയും കെട്ടുകഥകളേയും ആധാരമാക്കാതെ, ശാസ്ത്രീയമായ തെളിവുകളുടെയും, യുക്തി ബോധത്തിന്റെയും അടിസ്ഥാനത്തില്‍ ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു നവലോകം വാര്‍ത്തെടുക്കുക എന്നതാണ് എ.എ.ഐ യുടെയും, അതിലെ ഓരോ അംഗങ്ങളുടെയും ലക്ഷ്യം.

ലോകമെമ്പാടുമുള്ള യുക്തിവാദികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക, അന്താരാഷ്‌ട്ര എത്തിസ്റ്റ്‌ സംഘടനകളെ പ്രോത്സാഹിപ്പിക്കുക, മത വിശ്വാസത്തെയും, അത് ഉയര്‍ത്തുന്ന അന്ധ വിശ്വാസങ്ങളെയും എതിര്‍ക്കുക, എന്നിവയാണ് എത്തിസ്റ്റ്‌ അലയന്‍സ് ഇന്റര്‍നാഷണലിന്റെ ധര്‍മ്മം.

ബോധവല്‍ക്കരണം

എത്തിസ്റ്റ്‌ അലയന്‍സ് ഇന്റര്‍നാഷണലിന്റെ മുഖ്യമായ മറ്റൊരു ലക്ഷ്യമാണ് സെക്യുലര്‍ വിദ്യാഭ്യാസ രംഗത്തെ നവീകരണം.

AAI ലക്ഷ്യം വയ്ക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ താഴെ പറയുന്നു.

  • സോഷ്യല്‍ മീഡിയ വെബ് സൈറ്റുകളിലൂടെയും, AAI വെബ് സൈറ്റിലൂടെയും എത്തിസ്റ്റ്‌/സെക്യുലാര്‍ ചിന്തകളും, പദ്ധതികളും പ്രചരിപ്പിക്കുക.

  • സെക്യുലാര്‍ വേള്‍ഡ് മാഗസിന്‍, ഇമേജ് ന്യൂസ് ലെറ്റര്‍ എന്നിവയുടെ പബ്ലിഷിംഗ്.

  • ലോകമെമ്പാടുമുള്ള എത്തിസ്റ്റ്‌ സംഘടനകളുമായി ചേര്‍ന്ന് കണ്‍വെന്‍ഷനുകളും മീറ്റിങ്ങുകളും സംഘടിപ്പിക്കുക, അതോടൊപ്പം തന്നെ, ഉയര്‍ന്നു വരുന്ന യുക്തി ചിന്തകരുടെ പ്രഭാഷണങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുക.

  • ലോകമെമ്പാടും; പ്രത്യേകിച്ച് വികസ്വര രാഷ്ട്രങ്ങളില്‍ പുതിയ എത്തിസ്റ്റ്‌/ ഫ്രീ തോട്ട് സംഘടനകളുടെ ആവിര്‍ഭാവം ത്വരിതപ്പെടുത്തുക.

  • ഉഗാണ്ടയിലെ കസീസ് ഹ്യൂമനിസ്റ്റ് പ്രൈമറി സ്കൂള്‍ പോലുള്ള പുതിയ വിദ്യാഭ്യാസ പദ്ധതികളെ സഹായിക്കുക.

അടിസ്ഥാന നയങ്ങള്‍

മൌലികമായ അവകാശങ്ങള്‍, നീതിനിഷ്ഠ, സാമൂഹ്യ പ്രതിബദ്ധത എന്നിവയാകണം മാനവികതയുടെ അടിസ്ഥാന ഘടകങ്ങള്‍. ലോകമെമ്പാടുമുള്ള യുക്തിവാദികളുടെയും, യുക്തി ചിന്തയില്‍ അധിഷ്ടിതമായ പ്രസ്ഥാനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിരന്തരം പോരാടുന്ന സംഘടനയാണ് AAI. മാധ്യമങ്ങളുടെ സഹായത്തോടെ നവോദ്ധാനപരവും, പുരോഗമന ചിന്തയില്‍ അധിഷ്ടിതവുമായ ലേഘനങ്ങള്‍, ലഘുലേഖകള്‍ എന്നിവ പ്രസിദ്ധീകരിക്കാന്‍ AAI പ്രത്യേകം ശ്രദ്ധ വയ്ക്കാറുണ്ട്. അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ പ്രതികരിക്കാനും, എല്ലാ വിധത്തിലുമുള്ള വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കാനും എത്തിസ്റ്റ്‌ ഇന്റര്‍നാഷണല്‍ സമയം വിനിയോഗിക്കുന്നു.

പുത്തന്‍ സാമൂഹ്യ ക്രമം

ലോകത്തിലെ വ്യത്യസ്ഥ സാമൂഹ്യ സാഹചര്യങ്ങളെയും, സംസ്കാരങ്ങളെയും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എ.എ.ഐ അഭിസംബോധന ചെയ്യുന്നു. ആഗോള തലത്തില്‍, യുക്തി ചിന്തകരെ ഒന്നിപ്പിക്കുക എന്നതിനോടൊപ്പം തന്നെ, “ഔട്ട്‌’ കാംപൈനുകളിലൂടെ സാംസ്കാരിക വൈവിധ്യങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ക്കുക എന്നതും എത്തിസ്റ്റ്‌ അലയന്‍സിന്‍റെ മുഖ്യ അജണ്ടയാണ്. AAI ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍, വ്യത്യസ്ഥങ്ങളായ ഒട്ടനവധി പരിപാടികള്‍ വിജയകരമായി നടന്നു വരുന്നു. വ്യത്യസ്ഥ പ്രവിശ്യകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരുടെ ഡയറക്ടര്‍ ബോര്‍ഡാണ് AAI യുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. അംഗങ്ങളില്‍ നിന്ന് ഈടാക്കുന്ന മെമ്പര്‍ഷിപ്പ് ഫീ, അനുഭാവികളുടെ സംഭാവനകള്‍ എന്നിവയാണ് ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇന്നത്തെ സമൂഹത്തില്‍ യുക്തി ചിന്തയുടെ പ്രാധാന്യം നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍, ഒരു പുത്തന്‍ സാമൂഹ്യ ക്രമം പടുത്തുയര്‍ത്താന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ AAI യില്‍ അണിചേരുക.

നാള്‍വഴി

1991-ല്‍ പ്രബുദ്ധരായ ഒരു സംഘം യുക്തിവാദികളും, അനുബന്ധ സംഘടനകളും ചേര്‍ന്ന് രൂപം നല്‍കിയ പ്രസ്ഥാനമാണ് AAI, അഥവാ എത്തിസ്റ്റ്‌ ഇന്റര്‍നാഷണല്‍ അലയന്‍സ്. എത്തിസ്റ്റ്‌ യുണൈറ്റഡ്‌(ലോസ് ആഞ്ചലസ്, കാലിഫോര്‍ണിയ) എത്തിസ്റ്റ്‌ കോലിഷന്‍ (സാന്‍ ഡിയെഗോ, കാലിഫോര്‍ണിയ) എത്തിസ്റ്റ്‌സ് ഓഫ് സാന്‍ ഫ്രാന്‍സിസ്കോ റീജിയന്‍ (കാലിഫോര്‍ണിയ) എത്തിസ്റ്റ്‌ നെറ്റ്വര്‍ക്ക് (ഹൂസ്റ്റണ്‍, ടെക്സാസ്) എന്നീ സംഘടനകളാണ് AAI യുടെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ചത്. സംഘടനയുടെ കാലിക പ്രാധാന്യം മനസിലാക്കി, എട്ടോളം ഓര്‍ഗനൈസേഷനുകള്‍ AAIയില്‍ അണിനിരക്കുകയുണ്ടായി. ഒരു വര്‍ഷത്തിനകം തന്നെ, അമേരിക്കയ്ക്ക് പുറത്തും അംഗങ്ങളുള്ള അന്താരാഷ്‌ട്ര സംഘടനായി മാറാന്‍ AAIയ്ക്ക് സാധിച്ചു.

സെക്യുലാര്‍ നേഷന്‍ എന്ന പേരില്‍ സംഘടനയുടെ പ്രഥമ മാസിക, 1994 പകുതിയോടെ പുറത്തിറക്കുകയുണ്ടായി.

AAIയുടെ ആദ്യ കണ്‍വെന്‍ഷന്‍ 1995ല്‍, അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെച്ച് നടക്കുകയുണ്ടായി. 1997ല്‍ തന്നെ, എത്തിസ്റ്റ്‌ ഇന്റര്‍നാഷണല്‍ വെബ്‌ സൈറ്റ് രൂപം കൊണ്ടു. 2001 ആയപ്പോഴേയ്ക്കും മറ്റു രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് അര ഡസനോളം പോഷക സംഘടനകള്‍ എത്തിസ്റ്റ്‌ അലയന്‍സിനോടോപ്പം ചേരുകയുണ്ടായി. ഇതിന്‍റെ അന്താരാഷ്‌ട്ര പ്രാധാന്യം കണക്കിലെടുത്ത് 2001ല്‍ സംഘടനയുടെ പേര് എത്തിസ്റ്റ്‌ ഇന്റര്‍നാഷണല്‍ അലയന്‍സ് എന്നാക്കി മാറ്റി.

AAIയുടെ ആദ്യ അന്താരാഷ്‌ട്ര കോണ്‍ഫെറന്‍സ് 2006ല്‍ ഐസ് ലാന്‍ഡിന്‍റെ തലസ്ഥാനമായ റെയ്ക്ക്ജാവിക്കില്‍ വെച്ച് നടന്നു. ഇന്നത്തെ രീതിയിലുള്ള കണ്‍വെന്‍ഷനുകള്‍ക്ക് രൂപം നല്‍കിയത് 2010ല്‍ ആണ്. വന്‍ വിജയമായി മാറിയ 2010ലെ ആദ്യ ആസ്ട്രേലിയന്‍ കണ്‍വെന്‍ഷന്‍ ഇതിന് ഒരു ഉദാഹരണമാണ്. ഈ ഗ്ലോബല്‍ എത്തിസ്റ്റ്‌ കണ്‍വെന്‍ഷന്‍ നടന്നത് ആസ്ട്രേലിയയിലെ മെല്‍ബണില്‍ വെച്ചാണ്.

ഇതേ വര്‍ഷം തന്നെയാണ് ആഗോള തലത്തിലെ എത്തിസ്റ്റ്‌ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ AAI യുടെ അമേരിക്കന്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. AAIയുടെ ആഗോള സ്വഭാവം ഉയര്‍ത്തിക്കാട്ടുന്നതിനായി “എത്തിസ്റ്റ്‌ അലയന്‍സ് ഓഫ് അമേരിക്ക” എന്ന പേരില്‍, അമേരിക്കയിലെ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പോഷക സംഘടനയ്ക്ക് പ്രത്യേകമായി രൂപം നല്‍കി. അമേരിക്കയില്‍ മാത്രമായി AAIയുടെ പ്രവര്‍ത്തനങ്ങളെ ഒതുക്കാതെ, ഒരു അന്താരാഷ്‌ട്ര സ്വഭാവം നല്കാന്‍ ഇതിലൂടെ സാധിച്ചു.

അടിസ്ഥാന മൂല്യങ്ങള്‍

  1. കാര്യവിചാരണയും യുക്തിബോധവും: മാനവ രാശി നേരിടുന്ന പ്രശ്നങ്ങളെ, യുക്തിബോധത്തിന്‍റെ വെളിച്ചത്തില്‍, കാര്യ കാരണ സഹിതം അപഗ്രഥനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

  2. ശാസ്ത്രീയ അടിത്തറ: പ്രപഞ്ചത്തിന്‍റെ രഹസ്യങ്ങളെ അനാവരണം ചെയ്യാന്‍, സത്യാന്വേഷികള്‍ക്ക് മുന്നിലുള്ള ഏക മാര്‍ഗ്ഗം ശാസ്ത്രീയമായ തെളിവുകളാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍, കാര്യ കാരണങ്ങളെ യുക്തിഭദ്രമായി അപഗ്രഥിച്ച് വേണം നിഗമനങ്ങളില്‍ എത്തിച്ചേരാന്‍.;പുതിയ തെളിവുകള്‍ ചിന്തയെ മറ്റൊരു ദിശയിലെയ്ക്കാണ് നയിക്കുന്നതെങ്കില്‍ പോലും.

  3. സഹാനുഭൂതി: സഹജീവികളോടുള്ള സഹാനുഭൂതിയും സമസൃഷ്ടിസ്നേഹവും, നന്മ നിറഞ്ഞ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു.

  4. ഉദ്ദേശ്യലക്ഷ്യം: നമ്മുടെ അറിവില്‍പ്പെട്ട ഏക ജീവിതം ഇത് മാത്രമാണ്. അത് നശിപ്പിക്കാതെ, അര്ഥവത്താക്കി മാറ്റാന്‍ ശ്രമിക്കുക – സ്നേഹം കൊണ്ട്.

  5. സ്വാതന്ത്രം: ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ ഭേദമില്ലാതെ, എല്ലാവിധ സാമൂഹിക വിവേചനങ്ങളില്‍ നിന്നും സുരക്ഷ നേടാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കും ഉണ്ട്. അന്താരാഷ്‌ട്ര മനുഷ്യാവകാശ രേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന എല്ലാ ആശയങ്ങളളോടും AAI സര്‍വ്വാത്മനാ യോജിക്കുന്നു.

  6. ചരിത്രപരമായ ദൌത്യം: ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയില്‍, പക്ഷിമൃഗാദികളോടും, സസ്യജാലങ്ങളോടുമൊപ്പം ഐക്യത്തോടെ ജീവിക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. സമൂഹത്തെയും, മാനവ മനസാക്ഷിയേയും ദുഷിപ്പിക്കുന്ന അനാചാരങ്ങള്‍ക്കും അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസപ്രമാണങ്ങള്‍ക്കുമെതിരെ സന്ധിയില്ലാസമരം നയിക്കുക എന്നതാണ് ഓരോ യുക്തി വാദിയുടെയും ചരിത്രപരമായ ദൌത്യം.